Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, October 17, 2009

ഇനി എന്നും ജ്ഞാന ദീപാവലി

രാധേകൃഷ്ണ !
നാശമില്ലാത്ത അമരത്വത്തിന്റെ  കുഞ്ഞുങ്ങളെ !
ഭക്തിയും ജ്ഞാനവും വളരാനായി ദീപാവലി ആശിസ്സുകള്‍ !
സനാതനമായ ഹിന്ദു ധര്‍മ്മത്തിന്റെ ഏറ്റവും വലിയ ബലം ഭക്തിയാകുന്നു.മനുഷ്യ ജീവിതത്തിന്റെ പ്രധാന കര്‍ത്തവ്യം തന്നെ ഭക്തിയാണ്. ആ കര്‍ത്തവ്യം ശരിയായി നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമേ മറ്റു കര്‍മ്മങ്ങള്‍  ശരിയായി ചെയ്യുവാന്‍ സാധിക്കു..ഭക്തി എന്നാല്‍ ഭഗവാനില്‍ ഉള്ള ഉന്നതമായ സ്നേഹമാണ്. ആര്‍ക്കും ഭക്തി ചെയ്യാം. ഭക്തിക്കു നല്ല ഹൃദയമാണ് ആവശ്യം.
ജീവിതത്തെ തീരുമാനിക്കുന്നത് മനുഷ്യ മനസ്സാണ്. മനസ്സ്‌ ശരിയായ വഴിയില്‍ സഞ്ചരിച്ചാല്‍ സത്യമായിട്ടും ജീവിതം നന്നായിരിക്കും.  ലോകത്തില്‍ മൂല്യം നിശ്ചയിക്കാനാവാത്ത ഒന്നാണ് മനുഷ്യ മനസ്സ്‌. മനസ്സിനെ ശരിയായ മാര്‍ഗ്ഗത്തില്‍ കൂടി  നയിക്കാനുള്ള രഹസ്യം ഹിന്ദു ധര്‍മ്മത്തിന് മാത്രമേ അറിയൂ.അത് കൊണ്ടാണ് വിവിധ ആഘോഷങ്ങള്‍ പല സന്ദര്‍ഭങ്ങളില്‍
 പലകാരണങ്ങളാല്‍ വിവിധ രീതിയില്‍ കൊണ്ടാടപ്പെടുന്നത്. അവയില്‍ അത്ഭുതമായ ജ്ഞാനപ്രകാശത്തെപ്രാപിക്കുവാനുള്ള ഒരുത്സവമാകുന്നു ദീപാവലി. ദീപങ്ങളുടെ നിരകളാല്‍ അജ്ഞാനമാകുന്ന ഇരുട്ട് നശിച്ചു ജ്ഞാന ജ്യോതി 
പ്രകാശിക്കുവാനാണ് "ദീപാവലി"!
ഉപനിഷത്ത് "തമസോ മാ ജ്യോതിര്‍ ഗമയാ" എന്ന് പറയുന്നു.
ഇരുട്ടില്‍ നിന്നും എന്നെ വെളിച്ചത്തിലേക്ക് നയിക്കണമേ എന്ന മനമുരുകിയുള്ള പ്രാര്‍ത്ഥന! ലോക ജനങ്ങളെ  ജ്ഞാന വെളിച്ചത്തിലേക്ക് നയിക്കാന്‍ ഭഗവാനും സദ്‌ഗുരുവിനും മാത്രമേ സാധിക്കു.ജ്ഞാനത്തിനു സമാനമായി പവിത്രമായ
വേറൊരു സാധനവും ഇല്ല എന്നു ഭഗവാന്‍ ശീമത് ഭഗവദ്‌ ഗീതയില്‍ അര്‍ജ്ജുനനു ഉപദേശിക്കുന്നു.ജ്ഞാനം എല്ലാവരിലും ഉണ്ട്. പക്ഷെ അത് മറഞ്ഞു കിടക്കുകയാണ്. ശരിക്കും പറഞ്ഞാല്‍ അതിനെ മു‌ന്നു കള്ളന്മാര്‍ കൊള്ളയടിക്കുന്നു.ആ കള്ളന്മാര്‍ ആരൊക്കെയെന്നു ഒരു മഹാത്മാ താഴെയുള്ള  ശ്ലോകത്തില്‍ പറയുന്നു.
"കാമ ക്രോധശ്ച്ച ലോഭസ്ച ദേഹേ തിഷ്ഠന്തി തസ്ക്കരാ
ജ്ഞാന രത്നാ അപഹാരായ തസ്മാത് ജാഗ്രഥ! ജാഗ്രഥ!"
നമ്മുടെ ശരീരത്തിലുള്ള കാമം ക്രോധം സ്വാര്‍ത്ഥത എന്ന മു‌ന്നു കള്ളന്മാര്‍ നമ്മുടെ ജ്ഞാനം എന്ന രത്നത്തെ അപഹരിക്കുന്നു. അത് കൊണ്ട് ജാഗ്രതയോടെ ഇരിക്കുക
ജാഗ്രതയോടെ ഇരിക്കുക! അത് കൊണ്ട് ആരും ജ്ഞാനത്തിനെ അന്വേഷിച്ച് പോകണ്ട കാര്യമില്ല! നമ്മിലുള്ള കാമ, ക്രോധ ലോഭത്തെ നശിപ്പിച്ചാല്‍ തന്നെ മതിയാകും!
ചിലരൊക്കെ പറയുന്നത് പോലെ ഭയം ജ്ഞാനത്തിന്റെ ആരംഭമല്ല!  ഭയമില്ലാതെ ഇരിക്കുന്നതാണ് ജ്ഞാനം! ഉള്ളതിനെ ഉള്ളത് പോലെ അറിഞ്ഞു ഭയമില്ലാതെ, ചഞ്ചലമില്ലാതെ, ദു:ഖിക്കാതെ ആനന്ദത്തോടെ   ഇരിക്കുന്നതാണ്  ജ്ഞാനം!
കാമം ക്രോധം ലോഭം തുടങ്ങിയവ അസുര ഗുണങ്ങളാകുന്നു.ഭക്തി, ശാന്തത ത്യാഗം പോലെയുള്ള ദേവ ഗുണങ്ങള്‍ ഈ അസുര ഗുണങ്ങള്‍ക്ക് ഒട്ടും യോജിക്കാത്തതാണ്. ദേവ ഗുണങ്ങള്‍ അസുരഗുണങ്ങളോട് അടങ്ങി പോകും. അസുരഗുണങ്ങള്‍ എല്ലാം
നരകാസുരനാകുന്നു. ദേവഗുണങ്ങള്‍ ഇന്ദ്രനും. അപ്പോള്‍ ഇവയെ നശിപ്പിക്കാന്‍ സാധിക്കില്ലയോ എന്ന പ്രതീക്ഷ കൈവെടിയണ്ട! ഇവറ്റയെ നശിപ്പിക്കാന്‍ ദേവഗുണങ്ങള്‍ ഒരേയൊരു  കാര്യം മാത്രം ചെയ്‌താല്‍ മതി. അതെന്താണ്? വളരെ കഠിനമായ കാര്യമാണോ? വളരെ പ്രയത്നിച്ച് ഒരു പാടു കാലം
കാത്തിരിക്കണ്ടതാണോ? ഇല്ലേയില്ല! ലോകത്തില്‍ ഏറ്റവും സുലഭമായ ഒരേയൊരു കാര്യം! എല്ലാര്‍ക്കും ചെയ്യാന്‍ അര്‍ഹതയുള്ളതും സാധിക്കുന്നതുമായ ഒരു കാര്യം!
ജാതി, വയസ്സ്‌, വിദ്യാഭ്യാസം, അന്തസ്സ്, പണം, പദവി, ആണ്, പെണ്ണ്, തുടങ്ങിയ യാതൊരു വിഷയങ്ങളാലും ബാധിക്കപ്പെടാത്ത സമത്വത്തിന്റെ പ്രതീകമായ ഒരേയൊരു  വിഷയം
ശരണാഗതിയാണ്. ഭഗവാനില്‍ ശരണാഗതി ചെയ്തു കഴിഞ്ഞാല്‍ തീര്‍ച്ചയായും വിജയിക്കും. ശരണാഗതി എന്നാല്‍ "നിന്റെ ചരണങ്ങളെ ഗതി" എന്നര്‍ത്ഥം. അതായത് "എനിക്ക് നീ തന്നെ
ആശ്രയം" എന്നര്‍ത്ഥം ! എല്ലാരും ഗാഡ നിദ്രയില്‍  യാതൊരു ചീത്ത പ്രവൃത്തിയും ചെയ്യുന്നില്ല. കാരണം ആ സമയത്തില്‍ തന്നെപ്പറ്റിയുള്ള ചിന്തകള്‍ മറന്നു പോകുന്നു. അതേ സമയം എല്ലാവരും ഭഗവാനില്‍ ലയിക്കുകയും ചെയ്യുന്നു! അത് കൊണ്ടാണ് ഉറക്കത്തെ എല്ലാവരും ഇഷ്ടപ്പെടുകയും,
രസിക്കുകയും, അനുഭവിക്കുകയും ചെയ്യുന്നത്. ഉറങ്ങുന്ന നേരത്ത്‌ ഇഷ്ടമോ അനിഷ്ടമോ, ഭയമോ, സംശയമോ, ഭൂതകാലമോ ഭാവിയോ, പ്രതികാര ചിന്തയോ, ദു:ഖമോ ഒന്നും തന്നെയില്ല! അതേ പോലെ ഉണര്‍ന്നിരിക്കുമ്പോഴും ശാന്തിയോടെ ജീവിക്കാനാണ് "ശരണാഗതി"  ഭഗവാനില്‍ തന്നെ പരിപൂര്‍ണ്ണമായി അര്‍പ്പിക്കുന്നതാണ് ശരണാഗതി! അസുരഗുണങ്ങളാകുന്ന നരകാസുരനെ ഇല്ലാതാക്കാന്‍ സാത്വീക ഗുണങ്ങളായ ദേവേന്ദ്രന്‍ ഭഗവാനില്‍  ശരണാഗതി ചെയ്യണം. അപ്പോള്‍ താനേ മനസ്സിന് ശാന്തിയും സമാധാനമും തീര്‍ച്ചയായും ലഭിക്കും!
ഭഗവാന്‍ ഭഗവത്‌ ഗീതയില്‍ അര്‍ജ്ജുനനു, 
പതിനെട്ടാമത്തെ അധ്യായത്തില്‍,
"സര്‍വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ
അഹം ത്വാ സര്‍വ പാപേഭ്യോ മോക്ഷയിഷ്യാമി മാ ശുച!"
എന്ന് വാക്ക് കൊടുക്കുന്നു. അതായത്‌ "എല്ലാ ധര്‍മ്മങ്ങളെയും വിട്ടു എന്നെ മാത്രം ശരണം പ്രാപിക്കു.
ഞാന്‍ നിന്നെ സര്‍വ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതാണ്" എന്ന്‍ അനുഗ്രഹം ചെയ്യുന്നു.
ദു:ഖത്തിന്റെ അസ്ഥിവാരം പാപങ്ങളാണ്! അത് കൊണ്ട് അസുര ഗുണങ്ങളെ വേരോടെ നശിപ്പിക്കുന്നതാണ്
ആനന്ദത്തിന്റെ രഹസ്യം! ശരണാഗതി അതിനുള്ള ഉപായമാണ്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍  തന്നെയാണ് ശരണാഗതവത്സലന്‍ ! അത് കൊണ്ട് ഹേ ഭക്ത ജനങ്ങളെ! ഇനി ഒരു ചഞ്ചലമില്ല ! ഇനി
അസുരഗുണങ്ങളാകുന്ന നരകാസുരനെക്കുറിച്ച് നിങ്ങള്‍ വേവലാതിപ്പെടണ്ട! ഈ ദീപാവലിക്ക് ഭഗവാന്‍
ശ്രീ കൃഷ്ണന്റെ തിരുവടികളില്‍ ശരണാഗതി ചെയ്തു നിങ്ങളെ അര്‍പ്പിച്ചു കൊള്ളുക ! അപ്പോള്‍ നിങ്ങളുടെ
ഉള്ളില്‍ ഒരു അത്ഭുതമായ ജ്ഞാന പ്രകാശത്തെ നിങ്ങള്‍ അനുഭവിക്കും. ജ്ഞാന പ്രകാശം ഉള്ളിടത്ത്
അജ്ഞാന ഇരുട്ടിനു  സ്ഥാനമില്ല! ജ്ഞാനമുള്ളവര്‍ക്ക്  എന്നെന്നും ദീപാവലി തന്നെയാണ്.
ഇനി ഒരു വ്യാകുലതയില്ല ശരണാഗതി ഉണ്ട് !
ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഉണ്ട്! രാധേകൃഷ്ണ നാമജപം ഉണ്ട്!
സദ്‌ ഗുരുനാഥന്‍ തുണ എന്നും ഉണ്ട്!
ഇനി എന്നും ജ്ഞാന ദീപാവലി!
അത് കൊണ്ട് ഇനി തീര്‍ച്ചയായും, ശാന്തി സമാധാനം, ഐശ്വര്യം, തീരാത്ത സമ്പത്ത്‌,
ആരോഗ്യം സ്നേഹം ജീവിതം, നിരന്തരമായി ഉണ്ട്! ഉണ്ട്! ഉണ്ട്!
രാധേകൃഷ്ണ! രാധേകൃഷ്ണ! രാധേകൃഷ്ണ!
മംഗളം!















0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP